മമ്മൂട്ടിയുടെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും

മമ്മൂട്ടിയുടെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ....................
സമ്പദ്‍വ്യവസ്ഥയുടെ രാഷ്ട്രീയം
ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍. പോയ വര്‍ഷത്തിന്റെ ദുരിതങ്ങളും ആധികളും ആശങ്കകളുമില്ലാത്ത നന്മനിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെ ഇതെന്നു പ്രത്യാശിക്കാം. ആധികളും ആശങ്കകളുമില്ലാത്ത വര്‍ഷമായിരിക്കട്ടെ എന്ന ആശംസയ്ക്കു ഭേദപ്പെടുത്താന്‍ കഴിയാത്ത ചില പ്രതിസന്ധികളിലൂടെയാണ് നമ്മള്‍ ഈ വര്‍ഷത്തെ അനുകൂലമാക്കിയെടുക്കേണ്ടത്.അതൊരു കനത്ത വെല്ലുവിളിയാണ്. മാധ്യമങ്ങളും സാമ്പത്തികവിദഗ്ധരുമൊക്കെ ചര്‍ച്ചചെയ്തു പഴകിയ ആഗോളസാമ്പത്തികപ്രതിസന്ധി നമ്മളെ മാത്രം ബാധിക്കില്ല എന്ന ചിലരുടെ വിശ്വാസം സത്യത്തില്‍ എന്നെ വിസ്മയിപ്പിക്കുകയാണ്. അമേരിക്കയുള്‍പ്പെടുന്ന വന്‍ശക്തികളെ മാത്രം ബാധിക്കുന്ന ഒന്നാണ് ഈ സാമ്പത്തിക പ്രതിസന്ധി എന്നും ഐടി, ബാങ്കിങ് രംഗത്തുള്ള ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പുത്തന്‍കൂറ്റ് പ്രൊഫഷണലുകള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ പോകുന്നതെന്നുമൊക്കെയുള്ള ചിന്ത പലരും പങ്കുവച്ചു കേള്‍ക്കുമ്പോള്‍ ലോകസാമ്പത്തികവ്യവസ്ഥിതിയെ വട്ടംകറക്കുന്ന ഈ പ്രതിഭാസത്തെ ഇത്ര ലാഘവത്തോടെ കാണാന്‍ നമുക്കെങ്ങനെ സാധിക്കുന്നു എന്നതില്‍ വിസ്മയിക്കാതെ തരമില്ല. മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ക്ക് സമൂഹവും മുന്‍ഗണന നല്‍കുന്നു എന്നു പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഏതു ദുരന്തമോ പ്രതിസന്ധിയോ ആയാലും മാധ്യമങ്ങള്‍ അതാഘോഷിക്കുന്ന ദിവസത്തിനപ്പുറത്തേക്ക് അത് ഒരോര്‍മപ്പെടുത്തലായി, ഒരു കരുതലായി ജീവിതത്തിലേക്കു സ്വീകരിക്കാന്‍ എത്ര പേര്‍ക്കു കഴിയുന്നു എന്നത് പ്രസ്കതമായ ചോദ്യമാണ്. ഇരിക്കൂറില്‍ ഒട്ടേറെ കുരുന്നുകളുടെ ജീവനെടുത്ത സംഭവം ദുരന്തം കഴിഞ്ഞ് ഒരു മാസം കഴിയും മുമ്പേ എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. നമ്മുടെ കുട്ടികള്‍ സഞ്ചരിക്കുന്ന സുരക്ഷിതമല്ലാത്ത വഴിയോരങ്ങള്‍ക്കും അശ്രദ്ധമായി പായുന്ന വാഹനങ്ങള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സാമ്പത്തികമാന്ദ്യവും അത്തരത്തില്‍ വിസ്മരിക്കപ്പെടുന്നതിലെ അപകടം നമ്മുടെ സാമ്പത്തികജീവിതത്തെ തകിടം മറിക്കുന്ന ദിവസം വരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം. പെട്ടെന്നൊരു ദിവസം മുതല്‍ ഊണിനു സ്പെഷല്‍ ഒഴിവാക്കുന്നതോ, ടാക്സിയില്‍ സഞ്ചരിക്കുന്ന ആള്‍ ഓട്ടോറിക്ഷയിലേക്കു മാറുന്നതോ മാന്ദ്യത്തെ നേരിടാനുള്ള വഴികളല്ല. കൃത്യമായ ഒരു വേഗത്തില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന ആ സത്യത്തെ അങ്ങനെ ആര്‍ക്കെങ്കിലും നേരിട്ടു തോല്‍പിക്കാനാവുമെന്നും ഞാന്‍ കരുതുന്നില്ല. തകരാതിരിക്കാന്‍ മാന്ദ്യത്തിനനുയോജ്യമായ സാമ്പത്തിക കാലാവസ്ഥ സൃഷ്ടിക്കുക എന്നതാവണം പ്രധാനം. പുതിയ സാമ്പത്തികശീലങ്ങളും കൌശലപൂര്‍വമുള്ള നിക്ഷേപങ്ങളുമുണ്ടാവണം. ഓഹരി- റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ നിക്ഷേപസ്വഭാവങ്ങളാണ് മാന്ദ്യത്തിനു കാരണമായതെന്നു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അധ്വാനത്തിന്റെയും ഉല്‍പാദനത്തിന്റെയും ഇനിയും ചൂഷണം ചെയ്യപ്പെടാത്ത സാധ്യതകളിലേക്ക് നമ്മള്‍ എത്തിനോക്കണമെന്നാണ് എന്റെ അഭിപ്രായം. കൃഷി ചെയ്യാന്‍ എസ്റ്റേറ്റും തൊഴില്‍ ചെയ്യാന്‍ പിഎഫും ഗ്രാറ്റുവിറ്റിയും വേണമെന്ന അഭിപ്രായം എനിക്കില്ല. മലയാളികള്‍ അനുകൂല്യങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പിക്കുന്നത്, തൊഴിലിനല്ല. ഓരോരുത്തരും തങ്ങളുടെ തൊഴിലിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും തൊഴിലാളി എന്ന നിലയില്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരവും സ്വയമൊന്നു പരിശോധിക്കാന്‍ തയ്യാറായാല്‍ ഏതു മാന്ദ്യത്തെയും ചെറുക്കാനുള്ള പ്രതിരോധശേഷി നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ നിന്നു തന്നെ നേടാനാവും. അധ്വാനിക്കുക എന്നത് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണ്. ഇക്കാര്യത്തില്‍ മഹത്വചനങ്ങളെക്കാള്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ ഒരു പതിനെട്ടുകാരന്‍ നല്‍കുന്ന പാഠങ്ങള്‍ മഹത്തായ മാതൃകയാണ്. കോഴിക്കോടു സ്വദേശിയായ ഡാനിഷ് മജീദിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണു ഞാനറിഞ്ഞത്. പശുവളര്‍ത്തലില്‍ താല്‍പര്യം തോന്നിയ ഡാനിഷ് 15 പശുക്കളുമായി ഒരു ഡെയറി ഫാം നടത്തുന്നു എന്നത് നിസ്സാരകാര്യമല്ല. ചിട്ടയായി അന്തസ്സുള്ള ജീവിതം നയിക്കുന്ന ഈ മിടുക്കനെ കാണുമ്പോള്‍ തങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന തോന്നല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്കുണ്ടാവേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചിരിക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാരിന് അതിന്റേതായ ഒരു സംവിധാനമുണ്ട് അതുകൊണ്ടു തന്നെ കാലതാമസവുമുണ്ട്. തനതായ മാര്‍ഗങ്ങളും പരിഹാരങ്ങളും കണ്ടെത്തുക, പറന്നുയരാനാവില്ലെന്നുണ്ടെങ്കില്‍ ചിറകറ്റുവീഴാതിരിക്കാനെങ്കിലും പരിശ്രമിക്കുക. പ്രതിസന്ധി കടന്നുവരുമ്പോള്‍ അതിനെ അവസരങ്ങളാക്കി മുതലാക്കാനുള്ള മാര്‍ഗങ്ങളും ഒപ്പമെത്തുന്നുണ്ട്. ലോകത്തെ ഏതു സമ്പന്ന മെട്രോയിലും ലഭിക്കുന്ന സൌകര്യങ്ങള്‍ ഇന്നു നമ്മുടെ കൊച്ചിയിലും ലഭിക്കും. അതേ സമയം, കഴിഞ്ഞ വര്‍ഷം മാത്രം ഈ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ 17,000 പേരാണ്. ഈ വൈരുധ്യം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. എത്ര തീവ്രമാണെന്നു പറഞ്ഞാലും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആഗോളപ്രതിഭാസങ്ങളുടെ സ്വാധീനത്തിന് ഒരു പരിധിയുണ്ടെന്നു വേണം കരുതാന്‍.

Comments

Anonymous said…
nellikka thalam vekkan aayi...dr

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?